മന്ദമാരുതൻ വെള്ളികൊലുസുകൾ
അണിയിച്ച പുഴകൾ
ഭൂമിക്കടിയിലേക്ക് ഒളിച്ചോടി
ആകാശ പടവുകളിലൂടെ ഊർന്നു
താഴേക്ക് ചെരിഞ്ഞിറങ്ങി
പൌർണമി കാൽവഴുതി വീണിരുന്ന
കുന്നുകൾ വീടുകളിലേക്കും,
നിരത്തുകളിലേക്കും യാത്ര പോയി
കനക ഹാരമണിഞ്ഞ
വയലേലകൾ കോണ്ക്രീറ്റ് ഭാരം
തലയിലേന്തി നിന്നു
മിഴിയിൽ നിന്നകന്നുപോയ മഴക്കാറുകൾ
ആകാശ വനങ്ങളിൽ ഒളിച്ചു
ചിരിവഴികൾ മറന്ന ചുണ്ടുകളിൽ
നട്ടുവച്ച ചിരിമരങ്ങൾ
കൃതിമചിരി ചിരിച്ചു
അവയുടെ കർത്തവ്യം നിർവഹിച്ചു
വസ്ത്രങ്ങൾക്കുള്ളിൽ തിരുകിവച്ച
ശരീരങ്ങൾ നിരത്തുകളിലെ പ്രതിമകളായി
അവയെ വീണ്ടും കോണ്ക്രീറ്റ്
കൂടാരങ്ങളിലേക്ക് പുനപ്രതിഷ്ടിച്ചു
പരസ്പരം കെട്ടിപുണർന്ന നിരത്തുകൾ
പുറം തിരിഞ്ഞു കിടന്നു
പരസ്പരം തിരിച്ചറിയാനാവാതെ നമ്മൾ
അന്യരായി